ജാലകം

2013 ഒക്‌ടോബർ 27, ഞായറാഴ്‌ച

നിന്നെപ്പോലെ അയൽക്കാരനെയും...

                                                         
                                      
                                                                           
 യേശുക്രിസ്തു  ഒരിക്കൽ പറഞ്ഞു നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക .മറ്റൊരിക്കൽ പറഞ്ഞു ഒരു കരണത്ത് അടിക്കുന്നവന് മറുകരണവും കാണിച്ചു കൊടുക്കുക .കേരളത്തിലെ രണ്ടു പ്രമുഖ ക്രിസ്ത്യാനി സഭകൾ ഇത് രണ്ടും അക്ഷരം പ്രതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് .ഈ രണ്ടു സഭകളുടെയും ഏതെങ്കിലും പള്ളിയിൽ യേശുക്രിസ്തു വന്നാൽ പോലും അപ്പുറത്തെ സഭക്കാർ തടയും എന്ന് ഉറപ്പാണ്‌ .ക്രിസ്തുവിന്റെ അനുയായികൾ എന്തുകൊണ്ട് ഇത്ര സ്നേഹത്തോടെ കഴിയുന്നു .പറഞ്ഞു വന്നത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും  അവരുടെ അയല്ക്കാരായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും തമ്മിലുള്ള സ്നേഹത്തെപ്പറ്റിയാണ്.സഹോദരന്മാരയിരുന്ന അവർ ചെറിയ തര്ക്കങ്ങളുടെ പേരിൽ കലഹിച്ചു ഇപ്പോൾ ശത്രുക്കളേക്കാൾ അകലത്തിൽ ആയിരിക്കുന്നു .
                                                                          ആരാധനാലയങ്ങളുടെ പേരിൽ എന്തിനിത്ര തർക്കിക്കുന്നു .ആരാധനാലയങ്ങൾ ദൈവത്തെ ആരാധിക്കാൻ വേണ്ടിയുള്ളതാണ് .മറ്റൊന്നിനും അത് ഉപയോഗിക്കരുത് .എന്നാൽ ഇപ്പോൾ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് .പരസ്പരം ഉള്ള ശത്രുത തീർക്കാൻ ആരാധനാലയങ്ങൾ ഉപയോഗിക്കുന്നു .ഒരു വിഭാഗത്തിന്റെ ആരാധന മറു വിഭാഗം തടസപ്പെടുത്തുന്നു .മൃതശരീരത്തോട് വരെ അനാദരവ് കാട്ടുന്നു .ശരിയായ വിശ്വാസികളുടെ മുൻപിൽ ഇരുപക്ഷവും ചെറുതായിപ്പോകുന്നു .എന്തുകൊണ്ട് ഇത്തരം തർക്കങ്ങൾ ഉണ്ടാകുന്നു .വിശ്വാസത്തിന്റെയോ ഭക്തിയുടെയോ പേരിൽ അല്ല എന്നുറപ്പാണ് .പിന്നെ എന്തായിരിക്കും കാരണം കഴിഞ്ഞ ദിവസം കോടതി നടത്തിയ നിരീക്ഷണം ഏതാണ്ട് മുഴുവനായും ശരിയാണ് .തൊണ്ണൂറു ശതമാനം തർക്കങ്ങളും സ്വത്തിന്റെ പേരിൽ തന്നെയാണ് .വിശ്വാസത്തിന്റെ മറ മാത്രമേ ഉള്ളു .
             കാരണങ്ങൾ എന്ത് തന്നെ ആയാലും ഇരു വിഭാഗങ്ങളും കൂട്ടായ ചർച്ച നടത്തി  പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നഷ്ടം വിശ്വാസികൾക്ക് തന്നെയാണ്.ഇന്ന് ഇവർ സഭാതര്ക്കം തീർക്കാൻ നടത്തുന്ന കേസുകളുടെ ചെറിയൊരംശം ഉണ്ടായിരുന്നെങ്കിൽ അനേകം ആലംബഹീനർക്കു ഒരു നേരത്തെ ഭക്ഷണമോ,വസ്ത്രമോ നൽകാമായിരുന്നു .വർഷങ്ങൾ പഴക്കം ചെന്ന പള്ളികൾ കടവാവലുകൾക്കും ,പ്രാവുകൾക്കും വിട്ടു കൊടുത്തു നമുക്ക് തമ്മിൽ തല്ലി  നശിക്കാം .അവരെങ്കിലും സമാധാനമായി ജീവിച്ചോട്ടെ......

             

2013 ഒക്‌ടോബർ 22, ചൊവ്വാഴ്ച

ചിലർ..

                       

               
             
           ജനിച്ചു ജീവിച്ചു മരിക്കുന്ന ജീവിതം
           ചിലർ അത് മാറ്റിയെഴുതും
           നമ്മൾ ചിരിച്ചേക്കും പരിഹാസച്ചിരി
           കാലം മറ്റൊരു ചിരിയിൽ മറുപടി തരും
           അവരായിരുന്നു സത്യം എന്നുറക്കെ പറയും
           നാമറിയില്ല അവർ ചെയ്യുന്നതെന്തെന്ന്
           നമ്മളവരോട് ക്ഷമിക്കില്ല ..
           അവർ മാത്രം അറിയുന്നു
           അവർ ചെയ്യുന്നതെന്തെന്നും ചെയ്യേണ്ടതെന്തെന്നും
            അവർ നമ്മളോട് ക്ഷമിക്കുന്നു
            നമ്മൾ പറയും അവർ മരിച്ചെന്നും കൊന്നെന്നും
            കർമ്മം കഴിഞ്ഞ ദേഹം അവർക്ക് ഭാരമാണ്
           ഒരു പൂ കൊഴിയും പോലെ അവർ അതുപേക്ഷിക്കും
           നമ്മൾ പറയും അവരിനി വരില്ലെന്ന്
            കാതോർക്കുക... കണ്ണ് തുറന്നു നോക്കുക
            അവരെങ്ങും പോയിട്ടില്ല ......!!    

     
          ചിത്രം :ഗൂഗിൾ    
         

2013 സെപ്റ്റംബർ 4, ബുധനാഴ്‌ച

മെമ്മറീസ്....

                                           

                 ചില ഓർമ്മകൾ അങ്ങനെയാണ് നമ്മൾ മറന്നാലും നമ്മളെ വിടാതെ പിന്തുടരും  .ഭൂതകാലം അതുപോലെ  കണ്മുൻപിൽ കൊണ്ടുവന്നു നിർത്തും കരയിക്കും, ചിരിപ്പിക്കും ,ചിന്തിപ്പിക്കും .പറഞ്ഞു വന്നത് അടുത്തിടക്ക്‌ മലയാളത്തിലിറങ്ങിയ" മെമ്മറീസ് " എന്ന ചിത്രത്തെ കുറിച്ചാണ്. കാര്യമായ പരസ്യങ്ങളോ ,പബ്ലിസിറ്റി സ്റ്റണ്ടോ ഇല്ലാതെ ഇറങ്ങിയ ചിത്രം.മലയാളത്തിൽ മിക്കവാറും ഇങ്ങനെ ഇറങ്ങുന്ന ചിത്രങ്ങളാണ്‌ വിജയ ചരിത്രം കുറിച്ചിട്ടുള്ളത് .സിനിമ നിർമിച്ചവരെക്കാൾ പ്രേക്ഷകർ നല്കുന്ന പരസ്യങ്ങളാണ് ചിത്രങ്ങളുടെ വിധിനിർണയിക്കുന്നത് എന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്ന ചിത്രം .

           ചിത്രം തുടങ്ങുന്നത് വല്ലാത്ത ഒരവസ്ഥയിലാണ് എന്താണ് സംഭവിക്കുന്നത്‌ എന്ന് ഒരു 15 മിനിറ്റ് കഴിയുന്നതുവരെ ആര്ക്കും മനസ്സിലാകില്ല .ഇംഗ്ലീഷ് സിനിമകളെ ഓർമിപ്പിക്കുന്ന  തുടർ കൊലപാതകങ്ങൾ ആണ് തുടക്കത്തിൽ .പോലീസിന് തലവേദനയാകുന്ന കൊലപാതകങ്ങൾ .യാതൊരു തെളിവും ബാക്കിവെക്കാതെ നടക്കുന്ന കൊലപാതകങ്ങൾ .സാം അലക്സ്‌ എന്ന മുഴുക്കുടിയനായ ഒരു  പോലീസുകാരൻ .അയാളുടെ ജീവിതത്തിൽ നടന്ന ദുരന്തങ്ങൾ .സാം അലെക്സിനെ കാണിക്കുമ്പോൾ സ്ക്രീനിൽ വരുന്ന നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് "മദ്യപാനം ആരോഗ്യത്തിന് ഹാനികരം ".സാം അലെക്സിന്റെ മദ്യപാനത്തെക്കുറിച്ചു
ഇതിലും നന്നായി പറയാൻ കഴിയില്ല .എങ്കിലും അവസാനം കൊലപാതകങ്ങൾ തെളിയിക്കാനുള്ള ചുമതല സാം അലക്സ്‌ എന്നാ പോലീസ് ഓഫീസർക്ക് തന്നെ കിട്ടുന്നു .തന്റെ തീഷ്ണമായ ബുദ്ധിയും കഴിവും ഉപയോഗിച്ച് സാം അലക്സ്‌ കേസ് തെളിയിക്കുന്നു .കൊലപാതകിയെ പിടികൂടുന്നു .ശുഭം


         ജീത്തു ജോസഫ്‌ എന്ന സംവിധായകൻ ഇത്രയും ചെറിയ ഒരു വിഷയത്തെ എങ്ങനെ കയ്യടക്കത്തോട് കൂടി കൈകാര്യം ചെയ്തു എന്ന് നമുക്ക് ഈ ചിത്രം കാണുമ്പോൾ മനസിലാകും .അത്ര കെട്ടുറപ്പുള്ള കഥ അല്ലയിരുന്നിട്ടു കൂടി കാടു കയരിപ്പോകാതെ പറയാനുള്ളത് നേരെ പറഞ്ഞുപോകുന്ന രീതി ആണ് ഇതിൽ പിന്തുടർന്നിട്ടുള്ളത് .പ്രിഥ്വിരാജ് എന്ന നടനെ നല്ല രീതിയിൽ തന്നെ ഉപയോഗിച്ചിരിക്കുന്നു .മലയാളത്തിൽ നന്നായി ഗ്രഹപാഠം ചെയ്തു അഭിനയിക്കുന്ന ഒരു നടൻ ആണ് പ്രിഥ്വിരാജ് .ഒരു മുഴുക്കുടിയനായ പോലീസ് ഓഫീസറുടെ വേഷം അദ്ദേഹം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു .കുടിയന്മാരെ ഒരുപാടു നടൻമാർ അഭിനയിച്ചിട്ടുണ്ട് എങ്കിലും സ്ഥിരം രീതികളിൽ നിന്ന് വ്യത്യസ്തത വരുത്താൻ  പ്രിഥ്വിരാജ് കാര്യമായി ശ്രമം നടത്തിയിരിക്കുന്നു .പോലീസ് വേഷത്തിലും വ്യത്യസ്ത പ്രകടമാണ് .വർഗം മുതൽ ഇങ്ങോട് പ്രിഥ്വിരാജ് ചെയ്തുപോന്നിട്ടുള്ളതിൽ നിന്നും സാം  അലക്സ്‌ വളരെ മാറിയിരിക്കുന്നു .

          മറ്റുള്ളവരുടെ അഭിനയവും എടുത്തു പറയേണ്ടതാണ് .വിജയരാഘവൻ അവതരിപ്പിക്കുന്ന അരവിന്ദാക്ഷ മേനോനും ,സുരേഷ് കൃഷ്ണയുടെ കഥാപാത്രവും നന്നായി അഭിനയിച്ചിരിക്കുന്നു .എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം  "മറിമായം" ഫെയിം ശ്രീകുമാർ തന്നെയാണ് .സിനിമയിൽ പുതുമുഖം ആയിട്ടുകൂടി അതിന്റെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പ്രധാന  കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു .ആകെ മൊത്തത്തിൽ നോക്കിയാൽ വലിയ അവകാശവാദങ്ങൾ ഇല്ലാതെ ഇറങ്ങി വിജയിച്ച ഒരുസിനിമ .
                         ഏതു  ചിത്രത്തിനും ഉണ്ടാകുന്നതുപോലെ ചില്ലറ പോരായ്മകൾ ഈ ചിത്രത്തിനും ഉണ്ട് .പ്രാധാന്യം ഇല്ലാത്ത സ്ത്രീ കഥാപാത്രങ്ങൾ ആണ് ഒരു പോരായ്മ .പോലീസ് ചിത്രം ആയതുകൊണ്ട് ആയിരിക്കാം സ്ത്രീ കഥാപാത്രങ്ങൾ വെറുതെ വന്നു പോകുന്നതെ ഉള്ളു .മറ്റൊന്ന് ചിലയിടത്ത് സംഭവിക്കുന്ന മനപ്പൂർവ്വം അല്ലാത്ത ചില പൊരുത്തക്കേടുകൾ .മുടന്തനായ വില്ലൻ ഓടുമ്പോൾ മുടന്ത് കാണുന്നില്ല .അങ്ങനെ ചില്ലറ പ്രശ്നങ്ങൾ .ചിത്രത്തിന്റെ മൊത്തം വിലയിരുത്തലിൽ അതൊക്കെ മാപ്പുകൊടുക്കേണ്ട കുറവുകൾ .കാണികൾ കയ്യടിച്ചു സ്വീകരിച്ച ഒരു ചിത്രം .
 
  NB :അഭീപ്രായങ്ങൽ വ്യക്തിപരം മാത്രമാണ്        
                                  

2013 ഓഗസ്റ്റ് 28, ബുധനാഴ്‌ച

ഫ്ലക്സ് ദൈവങ്ങൾ ....

                                               

രാവിലെ കുളിച്ചൊരുങ്ങി പുറത്തിറങ്ങുമ്പോൾ മുതൽ   വൈകിട്ട് വീട്ടിൽ തിരിച്ചെത്തുമ്പോൾ വരെ മലയാളി കണ്ടു കൊണ്ടിരിക്കുന്ന ഒരു സംഭവം ഉണ്ട് ,പണ്ടൊക്കെ ആയിരുന്നെങ്കിൽ  തെങ്ങ് എന്ന് പറയാരുന്നു .ഇന്ന് ഉത്തരം ഫ്ലക്സ് ബോർഡ് .നാട്ടിൽ കുട്ടിയുണ്ടാകുന്നത് മുതൽ ജനനം ,മരണം, അടിയന്തിരം തുടങ്ങി ഒന്ന് തുമ്മിയാൽ പോലും ഫ്ലക്സ് ബോർഡ്‌ വെക്കുന്ന അവസ്ഥയായി .എന്തുകൊണ്ടാണ് നാട്ടിൽ മുഴുവൻ ഇങ്ങനെ ഫ്ലക്സ് ബോർഡ്‌ വന്നത് .എതാണ്ട് 5 വർഷങ്ങൾക്കുള്ളിൽ ഫ്ലക്സ് നാടെങ്ങും പടര്ന്നു പന്തലിച്ചു നില്ക്കുന്നു .

           ടെക്നോളജിയുടെ വളർച്ച ആദ്യം ഉപകാരവും ,പിന്നെ ഉപദ്രവവും ആകും എന്നതിന് വലിയ ഒരു  ഉദാഹരണമാണ് ഫ്ലക്സ് ബോർഡ്‌ .പണ്ട് തുണികൊണ്ടും ,കടലാസ് കൊണ്ടും ,നിർമിച്ചിരുന്ന പരസ്യപ്പലകകളും ,ബാനറുകളും ഇന്ന്  ഫ്ലക്സിനു  വഴിമാറിയിരിക്കുന്നു .വളരെപ്പെട്ടന്ന് തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത .ചിലവും വളരെ കുറവാണ് .ബഹുവിധ വർണങ്ങളിൽ നിർമ്മിക്കാം . പഴയകാലത്തെ അപേക്ഷിച്ച് ഇന്ന് എല്ലാത്തിനും സ്വന്തമായി പ്രചാരണം കൊടുക്കുന്ന കാലമാണ് .ഏതെങ്കിലും ഒരു രാഷ്ട്രീയ പാർടിയിൽ ഒരു രൂപ മെമ്പര്ഷിപ്പ്  എടുത്താലും അതിനും വെക്കും ഫ്ലക്സ് .ഓരോ രാഷ്ട്രീയ പാർട്ടിയും ഫ്ലക്സ് വെക്കുന്ന കാശ് ഇവിടുത്തെ പാവപ്പെട്ട ആളുകൾക്ക് ഒരു  നേരത്തെ ഭക്ഷണത്തിന് കൊടുത്തിരുന്നെങ്കിൽ രാജ്യം എന്നെ ഈ രാജ്യം രക്ഷപെട്ടേനെ !!

       മറ്റൊന്ന് ഫ്ലക്സ് വച്ചുള്ള  കോമാളിത്തരങ്ങളാണ് രാഷ്ട്രീയ പാർടികൾ പരസ്പരം കളിയാക്കാൻ ഉപയോഗിക്കുന്നത് കൂടാതെ ഇപ്പൊ കല്യാണം വിളി പോലും ഫ്ലക്സ് വഴിയാണ് ."സുഹൃത്തുക്കളെ ഞാൻ വിവാഹിതനാവുകയാണ്" എന്ന രീതിയിൽ ചെറുക്കന്റെ വക ഫ്ലക്സ് .ഇവൻ കെട്ടാൻ പോവുകയാണ് എന്ന രീതിൽയിൽ കൂട്ടുകാരുടെ വക ഇങ്ങനെ പോകുന്നു ഫ്ലക്സുകൾ .അത് കൂടാതെ sms അയക്കാൻ കാല് പിടിച്ചുകൊണ്ടു റിയാലിറ്റി ഷോക്കാരുടെ  വക ഫ്ലക്സ് .പാലം പണിയാൻ ഫ്ലക്സ് ,പാലം പൊളിക്കാൻ ഫ്ലക്സ് .ഇനി അമ്പലത്തിൽ ഉത്സവം വന്നാൽ ഫ്ലക്സ് പളളിയിൽ പെരുന്നാൾ വന്നാൽ ഫ്ലക്സ് .എന്തിനു മൂത്രമൊഴിക്കാൻ പോയാൽ വരെ ഫ്ലക്സ് ആണ് .

           എന്നാൽ ഇതുകൊണ്ടുള്ള ദൂഷ്യ വശങ്ങൾ ആരും ഓർക്കുന്നില്ല .പ്ലാസ്ടിക് പോലെ തന്നെ നശിച്ചു പോകാത്ത വസ്തുവാണ് ഫ്ലക്സ് .ഇത് മണ്ണിൽ കിടന്നാൽ മണ്ണ് നശിച്ചു പോകും .അതുപോലെ പരിസ്ഥിതിയിൽ വളരെ വലിയ മലിനീകരണം ആണ് ഇതുണ്ടാക്കുന്നത് .മഴക്കാലത്ത് വെള്ളം കെട്ടിനിന്നു കൊതുകുകൾ പെരുകാനും ,ഓടകളും മറ്റും നീർച്ചാലുകളും  അടഞ്ഞുപോകാനും  ഫ്ലക്സ്  കാരണമാകുന്നു .വളരെ വലിയ ഫ്ലക്സ് ബോർഡ്‌ റോഡിൽ വെക്കുന്നത് ഡ്രൈവർമാരുടെ ശ്രദ്ധ തിരിയാനും അതുവഴി അപകടങ്ങൾ ഉണ്ടാകാനും കാരണമാകുന്നു .ഫ്ലക്സ് ബോർഡുകൾ റോഡ്‌ കാണാൻ കഴിയാത്തവിധം വെക്കുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നു .
          റോഡ്‌സൈഡിൽ ഫ്ലക്സ് ബോർഡ്‌ വെക്കുന്നത് സർക്കാർ എത്രയും പെട്ടന്ന് നിരോധിക്കേണ്ടതാണ് .ഇനി അഥവാ ഫ്ലക്സ് ബോർഡ്‌ വച്ചാലും ഇത്ര സമയത്തിനുള്ളിൽ എടുത്ത് മാറ്റാനുള്ള നിയമം കൊണ്ടുവരേണ്ടതാണ് .ദൈവങ്ങളെ ഫ്ലക്സ് ബോർഡുകളിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷിച്ചില്ലെങ്കിൽ ഇനി പള്ളികളിലും അമ്പലങ്ങളിലും ഭക്തർ ഉണ്ടായിരിക്കുന്നതല്ല .!!!
ചിത്രം :കടപ്പാട് വെബ്‌ 

2013 ഓഗസ്റ്റ് 15, വ്യാഴാഴ്‌ച

ഗതി മാറിയ സമരം ....

                                           
                                                           
    
      ഇടതുപക്ഷ   ജനാതിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്
നടന്ന ഉപരോധ സമരം  പിൻവലിച്ചു .വളരെ വലിയൊരു ബഹുജന പ്രക്ഷോഭം ആയി ഉയർന്നുവന്ന സമരം വലിയ ചലനം ഒന്നും ഇല്ലാതെ നിർത്തിപ്പോയി .എന്തുകൊണ്ടാണ് LDF പ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്നും നേടാതെ സമരം അവസാനിപ്പിച്ചത് ?'ബഹുജന സമരം' എന്നും' മുല്ലപ്പൂവിപ്ലവം 'എന്നൊക്കെ വിശേഷിപ്പിച്ച സമരം വെറുതെ നനഞ്ഞ പടക്കം ആയിപ്പോയത് എന്തുകൊണ്ട് ?സാധാരണക്കാർ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ സമരം
എങ്ങനെ ഇങ്ങനെ  ആയിത്തീർന്നു .ഒരുപാടു ചോദ്യങ്ങൾക്ക് LDF ഉത്തരം പറയേണ്ടി വരും .

                                                  മുഖ്യമന്ത്രി വാർത്ത‍ സമ്മേളനം നടത്തുന്നതിന് തൊട്ടുമുന്പ് വരെ മുഖ്യമന്ത്രിയുടെ രാജിയിൽ കുറഞ്ഞു ഒന്നും ആവശ്യമില്ല എന്ന് പറഞ്ഞ നേതാക്കൾ .ജുഡീഷ്യൽ അന്വേഷണം നടത്താൻ തയാറാണ് എന്ന് കേട്ടതോടെ ഉപരോധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു .അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഒഴിവാക്കും എന്ന് വ്യക്തമായി പറഞ്ഞിട്ടും LDF സമരം നിര്ത്താൻ തീരുമാനിക്കുകയായിരുന്നു .
അതിനു പിന്നിൽ എന്തെങ്കിലും ധാരണകൾ ഉള്ളതായി ജനം സംശയിച്ചാൽ
അവരെ കുറ്റം പറയാനാകില്ല .പാവപ്പെട്ട സാധാരണ പ്രവർത്തകർ ഇതല്ല നേതൃത്വത്തിൽ നിന്ന് പ്രതീക്ഷിച്ചത് .കിലോമീറ്ററുകൾ സഞ്ചരിച്ച് എത്തിയ പ്രവർത്തകർ നിരാശരാകുന്ന തീരുമാനം ആയിരുന്നു നേതൃത്വത്തിൽ നിന്ന് ഉണ്ടായതു .ചർച്ചക്ക് തയ്യാറായിരുന്നെങ്കിൽ അങ്ങനെ ഒരു കാരണം സാധാരണ പ്രവർത്തകരോട് വിശദീകരിക്കാമായിരുന്നു .സമരം പിൻവലിച്ചതിന് പ്രവർത്തകരോട് കൃത്യമായ വിശദീകരണം നല്കാൻ വരും ദിവസങ്ങളിൽ നേതൃത്വം ബുദ്ധിമുട്ടുമെന്നുറപ്പ്.

2013 ഓഗസ്റ്റ് 10, ശനിയാഴ്‌ച

എന്തുകൊണ്ട് പാകിസ്ഥാൻ...

                                           
         
        എന്തുകൊണ്ട് പാക്കിസ്ഥാൻ ഇന്ത്യയെ നശിപ്പിക്കാൻ ശ്രമിക്കുന്നു .
ഒരിക്കൽ സഹോദരന്മാരയിരുന്നവരെ നശിപ്പിക്കാൻ അവർക്ക് ഒരിക്കലും ഒന്നുകൂടെ ആലോചിക്കാൻ തോന്നുന്നില്ല .എന്തുകൊണ്ട് തുടർച്ചയായി ഇന്ത്യൻ അതിർത്തികളിൽ അവർ നുഴഞ്ഞു കയറുകയും നിഷ്ക്കളങ്കരായ ഗ്രാമീണരെ കൊലചെയ്യുകയും ചെയ്യുന്നു .അന്ധമായ മതവിശ്വാസം ആണ് അവരെ നയിക്കുന്നത് .മുഹമ്മദ്‌ നബി സ്വപ്നം പോലും കാണാത്ത തരത്തിൽ  ഖുറാനെ വിശദീകരിച് തലമുറകളിൽ ഇന്ത്യക്കെതിരായ വിഷം കുത്തിവച്ചു വിടുന്നത്തിലാണ് അവരുടെ മുഴുവൻ ശ്രദ്ധയും .ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ മുതൽ അവർക്ക് വിദ്യാഭ്യാസം പോലും കൊടുക്കാതെ കയ്യിൽ തോക്കെടുത്ത് യുദ്ധം ചെയ്യാൻ വിടുന്ന കാടത്തമാണ് പാകിസ്ഥാൻ പിന്തുടരുന്നത് .എങ്കിലും യുദ്ധം ആഗ്രഹിക്കാത്ത സാധാരണക്കാരും പാകിസ്താനിൽ ഉണ്ട് .അവർ ഇന്ത്യയോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നു .എന്നാൽ ഭരണം  കയ്യാളുന്ന സേനയും ,തീവ്രവാദികളും
ഇന്ത്യക്കെതിരെ ഒരു വിട്ടുവീഴ്ചക്കും  ഒരുക്കമല്ല  .ഇന്ത്യയുടെ നാശം മാത്രമാണ്‌  അവരുടെ ലക്‌ഷ്യം .അതിനു സ്വന്തം ജീവൻ  കൂടി അവർ ഉപേക്ഷിക്കുന്നു .അതൊക്കെ പാകിസ്ഥാൻ സേനയുടെയും ,അവരെ ഭരിക്കുന്ന തീവ്രവാദികളുടെയും  കാര്യം .
                                                                                             ഭാരതത്തെ സംബന്ധിച്ച് ഓരോ പട്ടാളക്കരന്റെയും ജീവനും വിലയേറിയതാണ് .മഞ്ഞിലും ,മഴയിലും കാവൽ നിന്ന് ഓരോ ഭാരതീയന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന അവരെ നമ്മൾ ബഹുമാനിക്കുന്നു .ഭാരതം എന്നും ക്ഷമയുടെ വഴിയാണ്
തിരഞ്ഞെടുത്തിട്ടുള്ളത് .അതിന്റെ ഏറ്റവും നല്ല തെളിവാണ് പാകിസ്ഥാൻ എന്നൊരു രാജ്യം ഇന്നും ഏഷ്യ വൻകരയിൽ ഉണ്ട് എന്നുള്ളത് .അതിർത്തി കടന്നു വന്നു ഇന്ത്യൻ പട്ടാളക്കാരുടെ ശിരസ്സു അറുത്തിട്ടും നമ്മൾ അതിർത്തി കടന്നു ചെല്ലുകയോ പ്രകോപനം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല എന്നുള്ളത് ഭാരതത്തിന്റെ ബലഹീനതയായി കണ്ടിട്ടുണ്ടെകിൽ അത് പാകിസ്ഥാൻ എന്നാ രാജ്യം അതിന്റെ കുഴി സ്വയം തോണ്ടുന്നതിനു തുല്യമാണ് .ഒരിക്കലും ഒരു രാജ്യത്തെയും ആദ്യം അക്രമിക്കില്ലെന്നു ഭാരതം ഉറപ്പുനല്കിയിട്ടുണ്ട് .അതിന്റെ അർഥം തിരിച്ചടിക്കില്ലെന്നല്ല എന്ന് പാകിസ്ഥാൻ മനസിലാക്കുമ്പോഴേക്കും ചിലപ്പോൾ ഒരുപാടു വൈകിയേക്കാം .അതുണ്ടാവാതെ നോക്കേണ്ടത് പാകിസ്താനാണ് .പാകിസ്ഥാൻ എന്ന രാഷ്ട്രം ഓർമയാകതിരിക്കാൻ ദൈവം അവർക്ക് നല്ലബുദ്ധി  കൊടുക്കട്ടെ ..ജയ് ഹിന്ദ്‌ .


                                        

     

   

2013 ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

ഇന്നലെ.....

  
                                     ഇന്നലെ ..
                               
                     


             ഇന്നലെ !!!നീ ഓർത്തു നാളെ പുലരുമെന്ന്....
              ഇളം വെയില് വന്നു തലോടുമെന്നു .. 
              നിറഞ്ഞ ചിരിയിൽ ആരൊ നിന്നെ വിളിക്കുമെന്ന് ..
              ഉറച്ച ചുവടിൽ  നടക്കുമെന്ന് ...
              നിറഞ്ഞു ചിരിച്ചു മനം കുളിർക്കുമെന്നു ...
              കുറയേറെ കാര്യം നടത്തുമെന്ന് ..
              സന്ധ്യ മയങ്ങുന്നതറിയുമെന്ന് ..
              ഒടുവിൽ തളർന്നു ഉറങ്ങുമെന്ന് ...
               
             ഇന്ന് !!!നേരം പുലര്ന്നു 
              കിളികൾ പാടി 
              ഇളവെയില് വന്നു ... 
              വിളികേൾക്കാൻ  ,അറിയാൻ നീ ഇല്ലെങ്കിലും .....              
                     

2013 മേയ് 29, ബുധനാഴ്‌ച

തോന്നൽ ....


       
                                                                                                           















       തോന്നൽ .....


                  ചിലപ്പോഴൊക്കെ നമുക്ക് തോന്നാറില്ലേ
                  നമുക്കൊന്നുമില്ലെന്നും  ആരുമില്ലെന്നും..
                 ചിലപ്പോഴൊക്കെ നമുക്ക് തോന്നാറില്ലേ
                 നമുക്ക് അറിയാത്തതൊന്നും ഇല്ലെന്നും ഇനി  അറിയാനില്ലെന്നും
                 എങ്കിലും ചിലപ്പോഴൊക്കെ നമുക്ക് തോന്നാറുണ്ട്
                 നമുക്കെന്തൊക്കെയോ ഉണ്ടെന്നും എല്ലാരും ഉണ്ടെന്നും.
                 ചിലപ്പോഴൊക്കെ നമുക്ക് തോന്നുന്നതാണ് ശരി
                  നമുക്ക് ഒന്നും അറിയില്ലെന്നും എല്ലാം അറിയുന്നവൻ  ഉണ്ടെന്നും...          

2013 ജനുവരി 9, ബുധനാഴ്‌ച

ലോകം അങ്ങനെ ഒന്നും അവസാനിക്കില്ല ...

                           
                        ലോകം അങ്ങനെ ഒന്നും അവസാനിക്കില്ല 

           
              ലോകം ഇപ്പൊ അവസാനിക്കും എന്ന് കതിരുന്നവരെയെല്ലാം മണ്ടന്മാരക്കിക്കൊണ്ട് ലോകാവസാനം മാറ്റി വച്ചു .എന്തൊക്കെയായിരുന്നു മായന്‍ കലണ്ടര്‍ ,21-12-12.... എന്നിട്ടെന്തായി പവനായി ശവമായി.ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത‍ ലോകാവസാനം 30000 കൊല്ലത്തേക്ക് മാറ്റിവച്ചു എന്നാണ്‌ .ലോകം അവസാനിക്കാത്തത് എന്താണെന്നു മനസ്സിലായോ?? ഞാന്‍ ഇവിടെ ഇരുന്ന നന്മ ചെയ്യുന്നതുകൊണ്ടല്ല ... നിങ്ങളുടെ ഒക്കെ കയ്യിലിരുപ്പു കാരണം ...നിങ്ങളൊക്കെ അനുഭവിച്ചിട്ടെ പോകൂ ..!!!