ജാലകം

2013 സെപ്റ്റംബർ 4, ബുധനാഴ്‌ച

മെമ്മറീസ്....

                                           

                 ചില ഓർമ്മകൾ അങ്ങനെയാണ് നമ്മൾ മറന്നാലും നമ്മളെ വിടാതെ പിന്തുടരും  .ഭൂതകാലം അതുപോലെ  കണ്മുൻപിൽ കൊണ്ടുവന്നു നിർത്തും കരയിക്കും, ചിരിപ്പിക്കും ,ചിന്തിപ്പിക്കും .പറഞ്ഞു വന്നത് അടുത്തിടക്ക്‌ മലയാളത്തിലിറങ്ങിയ" മെമ്മറീസ് " എന്ന ചിത്രത്തെ കുറിച്ചാണ്. കാര്യമായ പരസ്യങ്ങളോ ,പബ്ലിസിറ്റി സ്റ്റണ്ടോ ഇല്ലാതെ ഇറങ്ങിയ ചിത്രം.മലയാളത്തിൽ മിക്കവാറും ഇങ്ങനെ ഇറങ്ങുന്ന ചിത്രങ്ങളാണ്‌ വിജയ ചരിത്രം കുറിച്ചിട്ടുള്ളത് .സിനിമ നിർമിച്ചവരെക്കാൾ പ്രേക്ഷകർ നല്കുന്ന പരസ്യങ്ങളാണ് ചിത്രങ്ങളുടെ വിധിനിർണയിക്കുന്നത് എന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്ന ചിത്രം .

           ചിത്രം തുടങ്ങുന്നത് വല്ലാത്ത ഒരവസ്ഥയിലാണ് എന്താണ് സംഭവിക്കുന്നത്‌ എന്ന് ഒരു 15 മിനിറ്റ് കഴിയുന്നതുവരെ ആര്ക്കും മനസ്സിലാകില്ല .ഇംഗ്ലീഷ് സിനിമകളെ ഓർമിപ്പിക്കുന്ന  തുടർ കൊലപാതകങ്ങൾ ആണ് തുടക്കത്തിൽ .പോലീസിന് തലവേദനയാകുന്ന കൊലപാതകങ്ങൾ .യാതൊരു തെളിവും ബാക്കിവെക്കാതെ നടക്കുന്ന കൊലപാതകങ്ങൾ .സാം അലക്സ്‌ എന്ന മുഴുക്കുടിയനായ ഒരു  പോലീസുകാരൻ .അയാളുടെ ജീവിതത്തിൽ നടന്ന ദുരന്തങ്ങൾ .സാം അലെക്സിനെ കാണിക്കുമ്പോൾ സ്ക്രീനിൽ വരുന്ന നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് "മദ്യപാനം ആരോഗ്യത്തിന് ഹാനികരം ".സാം അലെക്സിന്റെ മദ്യപാനത്തെക്കുറിച്ചു
ഇതിലും നന്നായി പറയാൻ കഴിയില്ല .എങ്കിലും അവസാനം കൊലപാതകങ്ങൾ തെളിയിക്കാനുള്ള ചുമതല സാം അലക്സ്‌ എന്നാ പോലീസ് ഓഫീസർക്ക് തന്നെ കിട്ടുന്നു .തന്റെ തീഷ്ണമായ ബുദ്ധിയും കഴിവും ഉപയോഗിച്ച് സാം അലക്സ്‌ കേസ് തെളിയിക്കുന്നു .കൊലപാതകിയെ പിടികൂടുന്നു .ശുഭം


         ജീത്തു ജോസഫ്‌ എന്ന സംവിധായകൻ ഇത്രയും ചെറിയ ഒരു വിഷയത്തെ എങ്ങനെ കയ്യടക്കത്തോട് കൂടി കൈകാര്യം ചെയ്തു എന്ന് നമുക്ക് ഈ ചിത്രം കാണുമ്പോൾ മനസിലാകും .അത്ര കെട്ടുറപ്പുള്ള കഥ അല്ലയിരുന്നിട്ടു കൂടി കാടു കയരിപ്പോകാതെ പറയാനുള്ളത് നേരെ പറഞ്ഞുപോകുന്ന രീതി ആണ് ഇതിൽ പിന്തുടർന്നിട്ടുള്ളത് .പ്രിഥ്വിരാജ് എന്ന നടനെ നല്ല രീതിയിൽ തന്നെ ഉപയോഗിച്ചിരിക്കുന്നു .മലയാളത്തിൽ നന്നായി ഗ്രഹപാഠം ചെയ്തു അഭിനയിക്കുന്ന ഒരു നടൻ ആണ് പ്രിഥ്വിരാജ് .ഒരു മുഴുക്കുടിയനായ പോലീസ് ഓഫീസറുടെ വേഷം അദ്ദേഹം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു .കുടിയന്മാരെ ഒരുപാടു നടൻമാർ അഭിനയിച്ചിട്ടുണ്ട് എങ്കിലും സ്ഥിരം രീതികളിൽ നിന്ന് വ്യത്യസ്തത വരുത്താൻ  പ്രിഥ്വിരാജ് കാര്യമായി ശ്രമം നടത്തിയിരിക്കുന്നു .പോലീസ് വേഷത്തിലും വ്യത്യസ്ത പ്രകടമാണ് .വർഗം മുതൽ ഇങ്ങോട് പ്രിഥ്വിരാജ് ചെയ്തുപോന്നിട്ടുള്ളതിൽ നിന്നും സാം  അലക്സ്‌ വളരെ മാറിയിരിക്കുന്നു .

          മറ്റുള്ളവരുടെ അഭിനയവും എടുത്തു പറയേണ്ടതാണ് .വിജയരാഘവൻ അവതരിപ്പിക്കുന്ന അരവിന്ദാക്ഷ മേനോനും ,സുരേഷ് കൃഷ്ണയുടെ കഥാപാത്രവും നന്നായി അഭിനയിച്ചിരിക്കുന്നു .എടുത്തു പറയേണ്ട മറ്റൊരു കഥാപാത്രം  "മറിമായം" ഫെയിം ശ്രീകുമാർ തന്നെയാണ് .സിനിമയിൽ പുതുമുഖം ആയിട്ടുകൂടി അതിന്റെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പ്രധാന  കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു .ആകെ മൊത്തത്തിൽ നോക്കിയാൽ വലിയ അവകാശവാദങ്ങൾ ഇല്ലാതെ ഇറങ്ങി വിജയിച്ച ഒരുസിനിമ .
                         ഏതു  ചിത്രത്തിനും ഉണ്ടാകുന്നതുപോലെ ചില്ലറ പോരായ്മകൾ ഈ ചിത്രത്തിനും ഉണ്ട് .പ്രാധാന്യം ഇല്ലാത്ത സ്ത്രീ കഥാപാത്രങ്ങൾ ആണ് ഒരു പോരായ്മ .പോലീസ് ചിത്രം ആയതുകൊണ്ട് ആയിരിക്കാം സ്ത്രീ കഥാപാത്രങ്ങൾ വെറുതെ വന്നു പോകുന്നതെ ഉള്ളു .മറ്റൊന്ന് ചിലയിടത്ത് സംഭവിക്കുന്ന മനപ്പൂർവ്വം അല്ലാത്ത ചില പൊരുത്തക്കേടുകൾ .മുടന്തനായ വില്ലൻ ഓടുമ്പോൾ മുടന്ത് കാണുന്നില്ല .അങ്ങനെ ചില്ലറ പ്രശ്നങ്ങൾ .ചിത്രത്തിന്റെ മൊത്തം വിലയിരുത്തലിൽ അതൊക്കെ മാപ്പുകൊടുക്കേണ്ട കുറവുകൾ .കാണികൾ കയ്യടിച്ചു സ്വീകരിച്ച ഒരു ചിത്രം .
 
  NB :അഭീപ്രായങ്ങൽ വ്യക്തിപരം മാത്രമാണ്        
                                  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ